പേരാവൂർ (കണ്ണൂർ): 65-ാം വയസ്സിൽ 65 പശുക്കളേയും പോറ്റി പ്രതിദിനം 400 ലീറ്റർ പാൽ ക്ഷീരസംഘത്തിൽ അളന്ന് ശ്രദ്ധയാകർഷിക്കന്ന ഒരു വീട്ടമ്മയുണ്ട് കണ്ണൂരിലെ മണത്തണയിൽ. സാഹിവാൾ, ഗീർ, എച്ച്എഫ്, കപില ഇനങ്ങളിൽ പെട്ട 65 പശുക്കളാണ് 65 വയസ്സുകാരിയായ വിഭൂതി നിലയത്തിലെ എൻ. രമണി എന്ന വീട്ടമ്മയുടെ ഫാമിൽ ഉള്ളത്. പ്രതിദിനം 400 ലീറ്ററിൽ അധികം പാലാണ് ഓടംതോട് ക്ഷീര സംഘത്തിൽ അളന്നു കൊടുത്ത് രമണി ജില്ലയിൽ ഒന്നാമതെത്തിയിട്ടുള്ളത്. ഏറ്റവും അധികം പാൽ അളന്നതിനുള്ള ക്ഷീര വികസന വകുപ്പിന്റെ അവാർഡ് രമണിയെ തേടിയെത്തുമ്പോൾ അത് പ്രായത്തെ മറി കടന്ന് ചെയ്യുന്ന തൊഴിലിനുള്ള അംഗീകാരം കൂടിയായി മാറുകയാണ്. ഈ അംഗീകാരം ക്ഷീരമേഖലയിൽ തൊഴിൽ തേടുന്നവർക്കുള്ള പ്രോത്സാഹനവുമായി മാറുകയാണ്. പേരാവൂർ പഞ്ചായത്തിലെ മണത്തണയിൽ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് രമണിയുടെ വീടും ഫാമും ഉള്ളത്. ഫാമിൽ 65 പശുക്കളും കിടാരികളും ഉണ്ട്. പുറമേ രണ്ട് എരുമകളും പോത്തുകളും 25 ആടുകളും മുട്ടക്കോഴിയും വാത്തയും താറാവും വരെ ഉണ്ട് ഈ ചെറിയ ഫാമിൽ. വീടും ഫാമും കൂടി അഞ്ചേക്കർ സ്‌ഥലത്താണ് ഉള്ളത്. വീടിനോട് ചേർന്നുള്ള ഭൂമിയിൽ പുൽകൃഷി നടത്തുന്നു വളർത്തു മൃഗങ്ങൾക്ക് ആവശ്യമായ പുല്ല് കൃഷി ചെയ്‌ത് തന്നെ ഉണ്ടാക്കുന്നു. നട്ടു വളർത്തുന്ന പുല്ലിന് പുറമെ വൈക്കോലും ചിലപ്പോൾ ചോള തണ്ടും പുറത്തു നിന്ന് വാങ്ങാറുണ്ട്. കാലിത്തീറ്റയും നൽകിയാണ് പശുക്കളെ പോറ്റുന്നത്. കറവയ്ക്കുള്ള യന്ത്രങ്ങളും ഉണക്ക ചാണകം പൊടിക്കുന്നിതുള്ള യന്ത്രങ്ങളും എല്ലാം വില കൊടുത്തു വാങ്ങിയാണ് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് ക്ഷീര വികസന വകുപ്പ് ഇവയ്‌ക്കെല്ലാം സബ്‌സിഡി അനുവദിച്ചു കൊടുക്കുക ആയിരുന്നു. കാലിത്തീറ്റക്കും സബ്‌സിഡി നൽകുന്നുണ്ട്. ഫാമിനോട് ചേർന്ന് 9 പേർക്ക് തൊഴിൽ കൊടുക്കുകയും ചെയ്യുന്നു. രമണി ചെറുപ്പം മുതൽ പശുക്കളെ വളർത്തുന്ന ചുറ്റുപാടിലാണ് ജീവിച്ചിരുന്നത്. വീട്ടിലെ ആവശ്യങ്ങൾക്ക് പശുക്കളെ വളർത്തിയിരുന്നു. 7 വർഷം മുൻപാണ് കൂടുതൽ പശുക്കളെ വളർത്തണം എന്ന ആഗ്രഹം ഉണ്ടായത്. ഇക്കാര്യം മകൻ അനന്തനാരായണനോട് പറഞ്ഞപ്പോൾ അമ്മയുടെ താൽപര്യം സാധിച്ചു നൽകുകയായിരുന്നു. അഞ്ച് പശുക്കളുമായാണ് ഫാം ആരംഭിച്ചത്. ഗുജറാത്തിൽ നിന്നാണ് സാഹിവാൾ, ഗീർ പശുക്കളെ എത്തിച്ചത് കർണാടകയിൽ നിന്ന് കപിലയും എത്തിച്ചു. എച്ച്.എഫ് സാധാരണമായി നാട്ടിൽ തന്നെ ലഭ്യമായിരുന്നു. പിന്നെ ഘട്ടം ഘട്ടമായി കൂടുതൽ പശുക്കളെ ഫാമിലേക്ക് ചേർത്ത് തുടങ്ങി ഇപ്പോൾ 65 പശുക്കളാണ് ഉള്ളത് ഓടംതോട് ക്ഷീര സംഘത്തിലാണ് പാൽ അളക്കുന്നത്. ഫാമിനോടും കൃഷിയോടും വലിയ ഇഷ്ടമാണെന്നും ഇനിയും ഫാം വിപുലീകരിക്കണം എന്നാണ് ആഗ്രഹമെന്നും രമണി പറയുന്നു. ഭർത്താവ് റിട്ട ഹവിൽദാർ സി.കെ ശ്രീധരൻ നായർ 14 വർഷം മുൻപ് മരിച്ചു. മുത്ത മകൾ രാജശ്രീ കണ്ണൂരിൽ അധ്യാപികയാണ് മംഗാലപുരത്ത് ജോലിയിലാണ് മൂത്ത മകൻ അനന്തനാരായണൻ എങ്കിലും രമണിയുടെ എല്ലാ കാർഷിക താൽപര്യങ്ങൾക്കും സഹായമെത്തിക്കുന്നത് ഇദ്ദേഹമാണ്. രശ്മി, നിത്യാനന്ദൻ എന്നിവരാണ് മറ്റ് രണ്ട് മക്കൾ. എല്ലാവരും അമ്മയുടെ കാർഷിക സംസ്കാരത്തിനൊപ്പം പിന്തുണ നൽകുന്നവരാണ്.
At the age of 65, Ramaniyamma came first by rearing 65 cows.